നെടുങ്കണ്ടം: പ്രളയം എടുത്ത പാലം നാട്ടുകാരുടെ ഒത്തൊരുമയില്‍ താത്കാലികമായി ഗതാഗതയോഗ്യമാക്കി. കഴിഞ്ഞ 18ന് കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കൂട്ടാർ പാലം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇരുകരകളിലും ഉള്ളവര്‍ ഒറ്റപ്പെട്ടനിലയിലായിരുന്നു.
മലവെള്ളപ്പാച്ചിലില്‍ കൂട്ടാര്‍ പാലത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ട്രാവലര്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. കൂട്ടാറിനെ അല്ലിയാര്‍, കുമരകംമെട്ട്, അമ്പലമെട്ട്, അന്യാര്‍തൊളു തുടങ്ങിയ മേഖലകളുമായി ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്.
പാലത്തിന് എതിര്‍വശത്തായി എസ്ബിഐ ബാങ്കും പാല്‍സൊസൈറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് എത്തുന്നതിന് മാര്ഗമില്ലാതായതിനെത്തുടര്ന്ന് പുഴയിലെ വെള്ളമിറങ്ങിയ ഉടനെ നാട്ടുകാര്‍ താത്കാലിക നടപ്പാലം നിര്‍മിച്ചിരുന്നു.
എന്നാല്‍, വാഹനങ്ങള്‍ ഓടാന്‍ സാധിക്കാതിരുന്നതോടെ വീണ്ടും നാട്ടുകാര്‍ ചേര്‍ന്ന് ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന രീതിയില്‍ പാലം നിര്‍മിക്കുകയായിരുന്നു. ഇപ്പോള്‍ ഇതിലൂടെ കാര്‍, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും.
അമ്പതോളം പേരുടെ ഒരു ദിവസത്തെ അധ്വാനംകൊണ്ടാണ് താത്കാലിക പാലം പൂര്‍ത്തിയായത്. ആറിന്റെ വശങ്ങളില് കല്‍ക്കെട്ട് നിര്‍മിച്ച് ഇതിലൂടെ തടി ഉരുപ്പടികള്‍ ഉപയോഗിച്ച് പാലം നിര്‍മിക്കുകയായിരുന്നു.
10 മീറ്റര്‍ നീളത്തിലും നാലു മീറ്റര്‍ വീതിയിലും നിര്‍മിച്ച പാലത്തിന് 50,000 രൂപയോളം ചെലവായി. ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട് ഒരുമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം കൂട്ടാറില്‍ കണ്ടത്.